2024 -25 വർഷത്തെ LSS/USS പരീക്ഷകളുടെ വിജ്ഞാപനം വന്നു കഴിഞ്ഞു. എന്നാൽ അടുത്ത അക്കാദമിക വർഷം മുതൽ എങ്കിലും ഈ പരീക്ഷകൾ നിർത്തലാക്കുന്നതാണ് നല്ലത് .
ലോവർ പ്രൈമറി ഘട്ടത്തിന്റെയും അപ്പർ പ്രൈമറി ഘട്ടത്തിന്റെയും അവസാന വർഷത്തിൽ ഏറ്റവും മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരുടെ തുടർപഠനം ഉറപ്പാക്കാൻ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിത്തുടങ്ങിയ ധനസഹായം ഈ ചെറിയ ക്‌ളാസ്സുകളിൽ ഇനി തുടരേണ്ടതില്ല . കാരണം എല്ലാ കുട്ടികളുടെയും തുടർ പഠനം സൗജന്യമായി ഇന്ന് ഉറപ്പാക്കുന്നുണ്ട്.
മാത്രമല്ല എൽഎസ്എസ് യുഎസ്എസ് പരീക്ഷകൾ എല്ലാ കുട്ടികളുടെയും അക്കാദമിക മുന്നേറ്റത്തിന് പ്രത്യേകിച്ച് സംഭാവനകൾ ഒന്നും നൽകുന്നില്ല. തെരഞ്ഞെടുത്ത ഒരു വിഭാഗം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ഒരു പ്രവണതയാണ് മിക്ക വിദ്യാലയങ്ങളിലും കാണാൻ കഴിയുന്നത് . ഇത് വിദ്യാലയങ്ങൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരങ്ങൾക്കും ഇടയാക്കുന്നു . യഥാർത്ഥത്തിൽ ഇത് കുട്ടികൾക്ക് അമിതഭാരം നൽകുകയാണ് ചെയ്യുന്നത്.
സംസ്ഥാന തല അച്ചീവ് മെന്റ് ടെസ്റ്റ്
ദേശീയ തലത്തിൽ നിശ്ചിത ഇടവേളകളിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിന് വേണ്ടി അച്ചീവ് മെന്റ് സർവേകൾ നടക്കാറുണ്ടല്ലോ .ഈ മാതൃകയിൽ എട്ടാം ക്ലാസ്സിൽ എല്ലാ വര്‍ഷവും ഒരു സംസ്ഥാന തല അച്ചീവ് മെന്റ് ടെസ്റ്റ് നടത്തണം . എട്ടാം ക്ലാസ്സുവരെ ആണല്ലോ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചു സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം. ഈ ഘട്ടം വരെയുള്ള വിദ്യാഭ്യാസ ഗുണനിലവാരം മനസ്സിലാക്കാൻ വേണ്ടിയാകണം ഈ ടെസ്റ്റ് .
ഇത് ഒരു പ്രത്യേക പരീക്ഷയായല്ല വേണ്ടത് . എട്ടാം ക്ലാസ്സിലെ വാർഷിക മൂല്യനിർണയത്തിന്റെ ഭാഗമായിട്ടാണ് ഇത് നടത്തേണ്ടത് . ഇതിനായി എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയോടൊപ്പം ഒരു മൾട്ടിപ്പിള്‍ ചോയ്സ് OMR ടെസ്റ്റ് കൂടി എല്ലാ വിഷയങ്ങളിലും ഉൾപ്പെടുത്തണം. രണ്ടു മണിക്കൂർ കൊണ്ട് തന്നെ കുട്ടികൾക്ക് പൂർത്തിയാക്കാൻ കഴിയുന്ന രീതിയിൽ വാർഷിക പരീക്ഷയും OMR ടെസ്റ്റും നടത്തണം .
അടിസ്ഥാനശേഷികളുടെയും ഉയർന്നശേഷികളുടെയും വിലയിരുത്തൽ
എട്ടാം ക്ലാസ് വരെ നേടേണ്ട അടിസ്ഥാനശേഷികളും ഉയർന്നശേഷികളും പരിശോധിക്കാൻ സഹായകരമായ ചോദ്യങ്ങൾ ഈ ടെസ്റ്റിൽ ഉൾപ്പെടുത്തണം. ഈ മൾട്ടിപ്പിള്‍ ചോയ്സ് ടെസ്റ്റ് സംസ്ഥാന തലത്തിൽ വിലയിരുത്തണം .
സ്‌കൂൾ റിപ്പോർട്ട് കാർഡുകൾ
വിവിധ വിഷയങ്ങളിലും ശേഷീമേഖലകളിലും എല്ലാ കുട്ടികൾക്കും ഉണ്ടായ അക്കാദമികനേട്ടങ്ങളും പരിമിതികളും ശാസ്ത്രീയമായി വിശകലനം ചെയ്തു സ്‌കൂൾ തല റിപ്പോർട്ട് കാർഡുകൾ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനറേറ്റ് ചെയ്യണം. മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളെ അംഗീകരിക്കണം . എട്ടുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഉള്ള പദ്ധതികൾ നടപ്പിലാക്കാനുളള സൂചിക ആയി ഇതിനെ പ്രയോജനപ്പെടുത്താം.
ഈ ടെസ്റ്റിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികവ് പുലർത്തുന്ന ഇരുപത് ശതമാനം കുട്ടികൾക്ക് ഒരു മികവിന്റെ സാക്ഷ്യപത്രം നൽകാവുന്നതാണ് .
(എട്ടാം ക്ലാസിൽ നടത്തുന്ന അച്ചീവ്മെൻറ് ടെസ്റ്റിനും പ്രത്യേക പരിശീലനങ്ങൾ നൽകാൻ സാധ്യതയുണ്ട്. എന്നാൽ എട്ടാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഈ പരിശീലനം നൽകേണ്ടിവരും. തെരഞ്ഞെടുത്ത കുട്ടികൾക്ക് മാത്രം പരിശീലനം നൽകുന്ന പ്രവണത ഒഴിവാക്കാൻ കഴിയും.)
No comments:
Post a Comment