3 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുറച്ചു കുട്ടികൾക്ക് മലയാളം നന്നായി എഴുതാനും വായിക്കാനും കഴിയുന്നില്ല എന്നത് നാം നേരിടുന്ന ഒരു വലിയ അടിസ്ഥാന വിദ്യാഭ്യാസ പ്രശ്നമാണല്ലോ. ഇത് പരിഹരിക്കുന്നതിനായി കാലാകാലങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നാം നടപ്പിലാക്കിയിട്ടുണ്ട് .അവയിൽ പലതും ഇപ്പോഴും തുടരുന്നുമുണ്ട് . അധ്യാപകർ പ്രത്യേക സമയം കണ്ടെത്തി കുട്ടികളുടെ ഉച്ചഭക്ഷണ ഇടവേളകളും മറ്റും ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം പിന്തുണകൾ നൽകി വരുന്നത് .
എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നമുക്ക് ഇതുവരെ വേണ്ട രീതിയിൽ കഴിഞ്ഞിട്ടില്ല .
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഉൾപ്പെടെ പരിഗണിച്ചുകൊണ്ട് ഒരു ഇന്ററാക്ടീവ് ലേർണിംഗ് ആപ്ലിക്കേഷൻ /സോഫ്റ്റ്‌വെയർ മലയാളം കേൾക്കുന്നതിനും വായിക്കുന്നതിനും എഴുതുന്നതിനും സഹായകമായ രീതിയിൽ തയ്യാറാക്കിയാൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും .
മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ പ്രായത്തിനനുസരിച്ചുള്ള തീമുകൾ /രീതികൾ ആണ് ഉപയോഗിക്കേണ്ടത് . നിശ്ചിത ക്ലാസുകളിലെ പാഠഭാഗങ്ങളിൽ പരിഗണിച്ചിട്ടുള്ള കഥാപാത്രങ്ങൾ /കഥകൾ /കവിതകൾ തുടങ്ങിയവയൊക്കെ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ അടിസ്ഥാന ഭാഷാശേഷി വികസനം സാധ്യമാണ്
ഉദാഹരണത്തിന് 20 മിനിറ്റ് വീതം ദൈർഘ്യമുള്ള 20 -25 മോഡ്യൂളുകളിലൂടെ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഏതൊരു കുട്ടിക്കും ആ ശേഷികൾ വളർത്തിയെടുക്കാൻ ഈ ആപ്ലിക്കേഷനിലൂടെ കഴിയണം . എന്നാൽ ആറ് മുതൽ 8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും 9 മുതൽ 12 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും തീമുകളിലും ആശയങ്ങളിലും പ്രവര്ത്തനങ്ങളിലും വ്യത്യാസം വരുത്തി കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ അവരെ എത്തിക്കാനും കഴിയണം .
ഓരോ കുട്ടിക്കും തന്റേതായ സമയം എടുത്തുകൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ കഴിയണം
ഓരോ മോഡ്യൂളും കഴിയുമ്പോൾ സ്വയം വിലയിരുത്താൻ സഹായകരമായ സെക്ഷൻ അതിൽ ഉണ്ടാകണം . നേടാത്ത ശേഷികൾ /അക്ഷരങ്ങൾ എന്നിവ വീണ്ടും കടന്നുപോകുന്നതിനും അവസരം വേണം
ചിത്രങ്ങൾ /ചിത്രീകരണങ്ങൾ /കഥകൾ/ പാട്ടുകൾ /നാടൻ പാട്ടുകൾ/ കാർട്ടൂണുകൾ /കവിതകൾ ഇവയെല്ലാം ഉപയോഗിച്ചുകൊണ്ട് വളരെ രസകരമായ രീതിയിൽ ഉള്ള ഒരു ലേണിംഗ് പ്ലാറ്റ്ഫോം സജ്ജീകരിക്കണം .ഇതിനായി സാങ്കേതിക വിദഗ്ധരും മലയാളം അധ്യാപകരും കലാ സാഹിത്യ മേഖലകളിലെ വിദഗ്ധരും ഒരുമിച്ചു പ്രവർത്തിക്കണം
ഓരോ മോഡ്യൂളിലും ലക്ഷ്യമാക്കുന്ന ഭാഷാ ശേഷികൾ /അക്ഷരങ്ങൾ /പദങ്ങൾ എന്നിവ സ്പൈറൽ ചെയ്തുകൊണ്ട് തൊട്ടടുത്ത മോഡ്യൂളുകൾ ഡിസൈൻ ചെയ്യണം
മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും സ്വാഭാവികമായി പരിശീലിക്കാനും മലയാള ഭാഷയുടെ തനതായ സവിശേഷതകൾ ഉൾക്കൊള്ളാനും ഈ കോഴ്സിലൂടെ കഴിയണം
അധ്യാപകരുടെ സഹായം ഇല്ലാതെ തന്നെ സ്വയം പഠിക്കാൻ സോഫ്റ്റ്‌വെയറിലൂടെ കഴിയണം .(അക്ഷരങ്ങൾ എഴുതുന്ന രീതി ഉൾപ്പെടെ )
ഒരു 20 മിനിറ്റ് നേരം ലാപ്ടോപ്പിനു മുന്നിൽ ചെലവഴിച്ചാൽ കുട്ടിക്ക് താൽപ്പര്യപൂർവം കേൾക്കാനും കാണാനും വായിക്കാനും കണ്ടെത്താനും അടയാളപ്പെടുത്താനും എഴുതാനും അവസരം ലഭിക്കുന്ന തരത്തിൽ ആയിരിക്കണം സോഫ്റ്റ്‌വെയർ.
കുട്ടികള്‍ എഴുതിയ ഡോക്യുമെന്റിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനും അത് വെരിഫൈ ചെയ്യുന്നതിനും സംവിധാനം കഴിയുമോ എന്നും ആലോചിക്കണം .
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത ഉപയോഗിച്ച് അപ്പപ്പോൾ തന്നെ കുട്ടിക്ക് പിന്തുണ ലഭ്യമാക്കാൻ കഴിയണം . കുട്ടിയുമായി സംസാരിക്കുന്ന രീതിയിലും പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം .
മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും മനസ്സിലാക്കാനും കഴിയാത്ത അവസ്ഥ എന്ന പ്രശ്നം പൂർണമായി പരിഹരിക്കാൻ ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കണം
ഒരു നിശ്ചിത സമയം കൊണ്ട് മലയാളത്തിലെ മുഴുവൻ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വാഭാവികമായി ഉപയോഗിക്കാൻ ശേഷി നേടുന്ന തരത്തിൽ ചിട്ടയായ ഒരു കോഴ്സ് തയ്യാറാക്കി അതിൻറെ ഡിജിറ്റൽ ഇന്ററാക്ടീവ് വേർഷൻ രൂപപ്പെടുത്തുകയും അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ലഭ്യമാക്കാനും കഴിഞ്ഞാൽ അതൊരു വലിയ നേട്ടം തന്നെ ആയിരിക്കും.
മാതൃഭാഷയിലെ കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ (കേൾക്കാൻ ക്ലിക്ക് ചെയ്യുക )