2026 ഏപ്രിൽ 19, ഞായറാഴ്‌ച

പേഴ്സണലൈസ്ഡ് എഡ്യൂക്കേഷൻ - ഗൂഗിളിന്റെ 'Learn Your Way'

  പതിറ്റാണ്ടുകളായി നമ്മുടെ വിദ്യാഭ്യാസ രീതിയുടെ നെടുംതൂണാണ് പാഠപുസ്തകങ്ങൾ. എന്നാൽ, ഒരേ പാഠപുസ്തകം തന്നെ എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്ന "one-size-fits-all" എന്ന പരമ്പരാഗത രീതി പഠനത്തെ വിരസമാക്കുന്നില്ലേ? ഓരോ കുട്ടിയുടെയും താല്പര്യങ്ങളും ഗ്രഹണശേഷിയും വ്യത്യസ്തമായിരിക്കെ, എല്ലാവർക്കും ഒരേ ഉള്ളടക്കം ഒരേ രീതിയിൽ നൽകുന്നത് അവരുടെ സർഗ്ഗാത്മകതയെ പരിമിതപ്പെടുത്തുന്നു. 

ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഗൂഗിളിന്റെ LearnLM ടീം വികസിപ്പിച്ച പരീക്ഷണാത്മക സംവിധാനമാണ് 'Learn Your Way'. ജനറേറ്റീവ് AI-യുടെ സഹായത്തോടെ പാഠപുസ്തകങ്ങളെ ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ രീതിയിൽ പുനർനിർമ്മിക്കുന്ന ഈ വിദ്യ, ഡിജിറ്റൽ ലേണിംഗ് സ്ട്രാറ്റജിസ്റ്റുകൾ കാലങ്ങളായി സ്വപ്നം കാണുന്ന 'പേഴ്സണലൈസ്ഡ് എഡ്യൂക്കേഷൻ' യാഥാർത്ഥ്യമാക്കുകയാണ്. പഠനം എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് ഇത് നൽകുന്നത്.

നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് മാറുന്ന പാഠപുസ്തകം (Text Personalization)

'Learn Your Way' സിസ്റ്റത്തിന്റെ പ്രധാന പ്രത്യേകത അത് പാഠഭാഗങ്ങളെ വിദ്യാർത്ഥിയുടെ ഗ്രേഡ് നിലവാരത്തിനും (Grade-level) വ്യക്തിഗത താല്പര്യങ്ങൾക്കും അനുസരിച്ച് മാറ്റുന്നു എന്നതാണ്.  പാഠത്തിന്റെ സത്ത ചോർന്നുപോകാതെ തന്നെ വിദ്യാർത്ഥിയുടെ വായനാ നിലവാരത്തിനനുസരിച്ച് (Re-leveling) ഉള്ളടക്കം ക്രമീകരിക്കപ്പെടുന്നു.

ഉദാഹരണത്തിന്, ന്യൂട്ടന്റെ മൂന്നാം ചലന നിയമം പഠിക്കുമ്പോൾ ബാസ്കറ്റ്ബോളിൽ താല്പര്യമുള്ള ഒരു വിദ്യാർത്ഥിക്ക് അത് ബാസ്കറ്റ്ബോൾ ഡ്രിബിൾ ചെയ്യുന്നതുമായി ബന്ധപ്പെടുത്തിയുള്ള ഉദാഹരണങ്ങളിലൂടെ വായിക്കാം. അതേസമയം കലയിൽ താല്പര്യമുള്ള ഒരാൾക്ക് ഒരു പെയിന്റിംഗ് ബ്രഷ് ക്യാൻവാസിൽ അമർത്തുമ്പോൾ ഉണ്ടാകുന്ന ബലത്തിലൂടെ ഈ നിയമം മനസ്സിലാക്കാം. പുതിയ അറിവുകളെ തങ്ങൾക്കറിയാവുന്ന മേഖലകളുമായി ബന്ധിപ്പിക്കുമ്പോൾ (Prior knowledge activation) കുട്ടികൾക്ക് അത് വേഗത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നു. 

കേട്ടും കണ്ടും പഠിക്കാം: വിവിധ പഠനരീതികൾ (Multiple Representations)

ഓരോ വിദ്യാർത്ഥിയും വിവരങ്ങൾ ഗ്രഹിക്കുന്നത് വ്യത്യസ്ത രീതികളിലൂടെയാണ്. ലേണിംഗ് സയൻസിലെ 'Dual Coding Theory' (James M. Clark and Allan Paivio) പ്രകാരം, ഒരേ ആശയത്തെ വാചകങ്ങളായും ദൃശ്യങ്ങളായും അവതരിപ്പിക്കുന്നത് തലച്ചോറിൽ ആ അറിവ് കൂടുതൽ ആഴത്തിൽ പതിയാൻ സഹായിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ലൈഡുകൾ, ഓഡിയോ പാഠങ്ങൾ (Audio-Graphic lessons), മൈൻഡ് മാപ്പുകൾ (Mindmaps) എന്നിങ്ങനെ വിവിധ രൂപങ്ങളിൽ 'Learn Your Way' ഉള്ളടക്കം ലഭ്യമാക്കുന്നു.

ഇതിലെ ഓഡിയോ പാഠങ്ങൾ ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള സജീവമായ സംഭാഷണം പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് പഠന പ്രക്രിയയിൽ വിദ്യാർത്ഥിക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന 'Self-Regulated Learning (SRL)' എന്ന തത്വത്തെ പിൻപറ്റുന്നു. ഒരേ ആശയത്തെ വിവിധ രൂപങ്ങളിൽ അവതരിപ്പിക്കുന്നത് അവ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും കുട്ടികളുടെ മനസ്സിൽ ആ ആശയങ്ങൾ കൃത്യമായി നിർമ്മിക്കാനും സഹായിക്കുന്നു.

 ജനറേറ്റീവ് AI വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഒരു തുടക്കം മാത്രമാണ് 'Learn Your Way'. പാഠപുസ്തകങ്ങൾ ഓരോ കുട്ടിയുടെയും താല്പര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുന്ന ഒരു 'പേഴ്സണൽ ട്യൂട്ടർ' ആയി മാറുന്ന കാലം വിദൂരമല്ല. 

പഠനത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും ഓരോ കുട്ടിയുടെയും കഴിവിനെ പരമാവധി പുറത്തെടുക്കാനും ഇത്തരം സാങ്കേതിക വിദ്യകൾക്ക് സാധിക്കട്ടെയെന്ന്  പ്രത്യാശിക്കാം .

  ഗൂഗിളിന്റെ 'Learn Your Way' -കേൾക്കാം - AUDIO OVERVIEW

2026 ജനുവരി 17, ശനിയാഴ്‌ച

മാതൃഭാഷയിലെ കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തല്‍

 

3 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുറച്ചു കുട്ടികൾക്ക് മലയാളം നന്നായി എഴുതാനും വായിക്കാനും കഴിയുന്നില്ല എന്നത് നാം നേരിടുന്ന ഒരു വലിയ അടിസ്ഥാന വിദ്യാഭ്യാസ പ്രശ്നമാണല്ലോ. ഇത് പരിഹരിക്കുന്നതിനായി കാലാകാലങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നാം നടപ്പിലാക്കിയിട്ടുണ്ട് .അവയിൽ പലതും ഇപ്പോഴും തുടരുന്നുമുണ്ട് . അധ്യാപകർ പ്രത്യേക സമയം കണ്ടെത്തി കുട്ടികളുടെ ഉച്ചഭക്ഷണ ഇടവേളകളും മറ്റും ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം പിന്തുണകൾ നൽകി വരുന്നത് .

എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നമുക്ക് ഇതുവരെ വേണ്ട രീതിയിൽ കഴിഞ്ഞിട്ടില്ല .

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഉൾപ്പെടെ പരിഗണിച്ചുകൊണ്ട് ഒരു ഇന്ററാക്ടീവ് ലേർണിംഗ് ആപ്ലിക്കേഷൻ /സോഫ്റ്റ്‌വെയർ മലയാളം കേൾക്കുന്നതിനും വായിക്കുന്നതിനും എഴുതുന്നതിനും സഹായകമായ രീതിയിൽ തയ്യാറാക്കിയാൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും .

മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ പ്രായത്തിനനുസരിച്ചുള്ള തീമുകൾ /രീതികൾ ആണ് ഉപയോഗിക്കേണ്ടത് . നിശ്ചിത ക്ലാസുകളിലെ പാഠഭാഗങ്ങളിൽ പരിഗണിച്ചിട്ടുള്ള കഥാപാത്രങ്ങൾ /കഥകൾ /കവിതകൾ തുടങ്ങിയവയൊക്കെ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ അടിസ്ഥാന ഭാഷാശേഷി വികസനം സാധ്യമാണ്

ഉദാഹരണത്തിന് 20 മിനിറ്റ് വീതം ദൈർഘ്യമുള്ള 20 -25 മോഡ്യൂളുകളിലൂടെ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഏതൊരു കുട്ടിക്കും ആ ശേഷികൾ വളർത്തിയെടുക്കാൻ ഈ ആപ്ലിക്കേഷനിലൂടെ കഴിയണം . എന്നാൽ ആറ് മുതൽ 8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും 9 മുതൽ 12 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും തീമുകളിലും ആശയങ്ങളിലും പ്രവര്ത്തനങ്ങളിലും വ്യത്യാസം വരുത്തി കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ അവരെ എത്തിക്കാനും കഴിയണം .

ഓരോ കുട്ടിക്കും തന്റേതായ സമയം എടുത്തുകൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ കഴിയണം

ഓരോ മോഡ്യൂളും കഴിയുമ്പോൾ സ്വയം വിലയിരുത്താൻ സഹായകരമായ സെക്ഷൻ അതിൽ ഉണ്ടാകണം . നേടാത്ത ശേഷികൾ /അക്ഷരങ്ങൾ എന്നിവ വീണ്ടും കടന്നുപോകുന്നതിനും അവസരം വേണം

ചിത്രങ്ങൾ /ചിത്രീകരണങ്ങൾ /കഥകൾ/ പാട്ടുകൾ /നാടൻ പാട്ടുകൾ/ കാർട്ടൂണുകൾ /കവിതകൾ ഇവയെല്ലാം ഉപയോഗിച്ചുകൊണ്ട് വളരെ രസകരമായ രീതിയിൽ ഉള്ള ഒരു ലേണിംഗ് പ്ലാറ്റ്ഫോം സജ്ജീകരിക്കണം .ഇതിനായി സാങ്കേതിക വിദഗ്ധരും മലയാളം അധ്യാപകരും കലാ സാഹിത്യ മേഖലകളിലെ വിദഗ്ധരും ഒരുമിച്ചു പ്രവർത്തിക്കണം

ഓരോ മോഡ്യൂളിലും ലക്ഷ്യമാക്കുന്ന ഭാഷാ ശേഷികൾ /അക്ഷരങ്ങൾ /പദങ്ങൾ എന്നിവ സ്പൈറൽ ചെയ്തുകൊണ്ട് തൊട്ടടുത്ത മോഡ്യൂളുകൾ ഡിസൈൻ ചെയ്യണം

മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും സ്വാഭാവികമായി പരിശീലിക്കാനും മലയാള ഭാഷയുടെ തനതായ സവിശേഷതകൾ ഉൾക്കൊള്ളാനും ഈ കോഴ്സിലൂടെ കഴിയണം

അധ്യാപകരുടെ സഹായം ഇല്ലാതെ തന്നെ സ്വയം പഠിക്കാൻ സോഫ്റ്റ്‌വെയറിലൂടെ കഴിയണം .(അക്ഷരങ്ങൾ എഴുതുന്ന രീതി ഉൾപ്പെടെ )

ഒരു 20 മിനിറ്റ് നേരം ലാപ്ടോപ്പിനു മുന്നിൽ ചെലവഴിച്ചാൽ കുട്ടിക്ക് താൽപ്പര്യപൂർവം കേൾക്കാനും കാണാനും വായിക്കാനും കണ്ടെത്താനും അടയാളപ്പെടുത്താനും എഴുതാനും അവസരം ലഭിക്കുന്ന തരത്തിൽ ആയിരിക്കണം സോഫ്റ്റ്‌വെയർ.

കുട്ടികള്‍ എഴുതിയ ഡോക്യുമെന്റിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനും അത് വെരിഫൈ ചെയ്യുന്നതിനും സംവിധാനം കഴിയുമോ എന്നും ആലോചിക്കണം .

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത ഉപയോഗിച്ച് അപ്പപ്പോൾ തന്നെ കുട്ടിക്ക് പിന്തുണ ലഭ്യമാക്കാൻ കഴിയണം . കുട്ടിയുമായി സംസാരിക്കുന്ന രീതിയിലും പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം .

മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും മനസ്സിലാക്കാനും കഴിയാത്ത അവസ്ഥ എന്ന പ്രശ്നം പൂർണമായി പരിഹരിക്കാൻ ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കണം

ഒരു നിശ്ചിത സമയം കൊണ്ട് മലയാളത്തിലെ മുഴുവൻ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വാഭാവികമായി ഉപയോഗിക്കാൻ ശേഷി നേടുന്ന തരത്തിൽ ചിട്ടയായ ഒരു കോഴ്സ് തയ്യാറാക്കി അതിൻറെ ഡിജിറ്റൽ ഇന്ററാക്ടീവ് വേർഷൻ രൂപപ്പെടുത്തുകയും അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ലഭ്യമാക്കാനും കഴിഞ്ഞാൽ അതൊരു വലിയ നേട്ടം തന്നെ ആയിരിക്കും.

മാതൃഭാഷയിലെ കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ (കേൾക്കാൻ ക്ലിക്ക് ചെയ്യുക )