കൗമാരവും (Adolescence) യുവത്വവും മനുഷ്യജീവിതത്തിലെ നിർണായകമായ വികസനഘട്ടങ്ങളാണ് (Developmental stages). തലച്ചോറിന്റെ വളർച്ച (Brain development), സാമൂഹികബന്ധങ്ങൾ (Social relationships), സ്വത്വബോധം (Identity), തീരുമാനമെടുക്കൽ (Decision-making) എന്നിവയിൽ ഈ കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.
അതേസമയം ഇന്നത്തെ യുവജനങ്ങൾ പഠനം, തൊഴിൽ, കുടുംബം, സാമ്പത്തിക സമ്മർദ്ദം (Financial stress), സമപ്രായക്കാരുടെ സമ്മർദ്ദം (Peer pressure), സോഷ്യൽ മീഡിയ (Social media), എന്നിവയുമായി ഒരേ സമയം ഇടപെടുന്നു.
ഈ സാഹചര്യത്തിൽ മാനസികാരോഗ്യത്തിലെ
തകർച്ചയും ചില വിഭാഗങ്ങളിൽ അപകടകരമായ പെരുമാറ്റങ്ങളും (Dangerous
behaviors) അക്രമപ്രവണതകളും ശ്രദ്ധിക്കേണ്ട സാമൂഹിക
വിഷയങ്ങളായി (Social issues) മാറിയിട്ടുണ്ട്.
എന്നാൽ അക്രമത്തിന് ഒരു “ഒറ്റക്കാരണം” ഇല്ല. വ്യക്തി, കുടുംബം, കൂട്ടുകാർ, സ്കൂൾ, സമൂഹം, ലഹരി ഉപയോഗം (Substance use), സാമ്പത്തിക
സാഹചര്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പരസ്പരം സ്വാധീനിക്കുന്നതാണ് പ്രശ്നങ്ങളിലേക്ക്
നയിക്കുന്നത്
2026-ലെ ഗ്ലോബൽ മൈൻഡ് ഹെൽത്ത്
റിപ്പോർട്ട് (Global Mind Health Report) എന്താണ് പറയുന്നത്?
2026 ഫെബ്രുവരി 26-ന് സാപ്പിയൻ ലാബ്സ് (Sapien Labs) പ്രസിദ്ധീകരിച്ച 'ഗ്ലോബൽ മൈൻഡ് ഹെൽത്ത് ഇൻ 2025' (Global Mind Health in 2025) റിപ്പോർട്ട്, 84 രാജ്യങ്ങളിലെ
ഇന്റർനെറ്റ് സൗകര്യമുള്ള ജനസംഖ്യയിൽ (Internet-enabled population) നിന്നുള്ള ഏകദേശം ഒരു മില്യൺ പ്രതികരണങ്ങൾ (Responses) ഉൾപ്പെടുത്തി യുവജനങ്ങളുടെ മാനസികാരോഗ്യം പരിശോധിച്ചു. റിപ്പോർട്ടിൽ
ഉപയോഗിക്കുന്ന മൈൻഡ് ഹെൽത്ത് ക്വോഷ്യന്റ് (Mind Health Quotient - MHQ) എന്നത് കോഗ്നിറ്റീവ് (Cognitive), വൈകാരികം (Emotional), സാമൂഹികം (Social), ശാരീരികം (Physical) എന്നീ ശേഷികൾ ഉൾപ്പെടുന്ന 47 ഘടകങ്ങളുടെ ഒരു
സംയോജിത അളവാണ് (Composite measure).
റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ
കണ്ടെത്തലുകളിൽ ഒന്ന് പ്രായം കുറഞ്ഞ തലമുറകളിൽ മാനസികാരോഗ്യ സ്കോറുകൾ (Mind-health
scores) താഴ്ന്നുവരുന്ന പ്രവണതയാണ്.
18–34 വയസ്സുകാരുടെ ശരാശരി MHQ 36 ആയപ്പോൾ, 55 വയസ്സിന് മുകളിലുള്ളവരുടെ ശരാശരി 101 ആയിരുന്നു. ഈ വ്യത്യാസം റിപ്പോർട്ട് പരിശോധിച്ച ഇന്റർനെറ്റ് സൗകര്യമുള്ള
രാജ്യങ്ങളിൽ (Internet-enabled countries) വ്യാപകമായി
കാണപ്പെട്ടു. ഇത് വളരെ ഗൗരവമുള്ള സൂചനയാണ്.
ഇന്ത്യയുടെ സ്ഥിതി
ഈ റിപ്പോർട്ടിലെ
രാജ്യതലത്തിലുള്ള കണക്കുകൾ പ്രകാരം (Country-level data) ഇന്ത്യയിലെ 18–34 പ്രായക്കാരുടെ ശരാശരി MHQ 33 ആയിരുന്നു; 84 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഏകദേശം 60-ാമതാണ്.
ഇത് ഇന്ത്യയിലെ യുവജനങ്ങളുടെ മാനസിക
ക്ഷേമം (Mental
wellbeing) സംബന്ധിച്ച് കൂടുതൽ ശ്രദ്ധ
ആവശ്യപ്പെടുന്ന ഒരു സൂചനയാണ്. എന്നാൽ ഇന്ത്യയിലെ മുഴുവൻ യുവജനങ്ങളെയും ഈ സർവേ (Survey) പൂർണ്ണമായി പ്രതിനിധീകരിക്കുന്നു എന്ന് കരുതേണ്ടതില്ല .
സോഷ്യൽ മീഡിയയിൽ “അടിമപ്പെടുന്നത്” (Addiction) എന്തുകൊണ്ട്?
സോഷ്യൽ മീഡിയ അഡിക്ഷൻ (Social media
addiction) എന്ന പദം പലപ്പോഴും സാധാരണയായി
ഉപയോഗിക്കപ്പെടുന്നു. ശാസ്ത്രീയമായി കൂടുതൽ കൃത്യമായ പദം 'ദോഷകരമായ സോഷ്യൽ മീഡിയ ഉപയോഗം' (Problematic social media use) എന്നാണ്.
ഇത് വെറും “കൂടുതൽ സമയം ഫോൺ നോക്കുന്നു”
എന്നതല്ല. ഉപയോഗം നിയന്ത്രിക്കാൻ കഴിയാതെ വരിക, ഉപയോഗിക്കാത്തപ്പോൾ
അസ്വസ്ഥത അനുഭവപ്പെടുക, പഠനം/ഉറക്കം/ബന്ധങ്ങൾ
ബാധിച്ചിട്ടും ഉപയോഗം തുടരുക തുടങ്ങിയ ശൈലികളാണ് (Patterns) പ്രധാനപ്പെട്ടത്.
ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ
എന്തൊക്കെയാണ് ?
1.
സാമൂഹിക അംഗീകാരം (Social reward): ലൈക്കുകൾ (Likes), കമന്റുകൾ (Comments), ഷെയറുകൾ (Shares), ഫോളോവേഴ്സ് (Followers), മെസ്സേജുകൾ (Messages) എന്നിവ സാമൂഹിക അംഗീകാരത്തിന്റെ ചെറിയ പ്രതിഫലങ്ങളായി (Rewards) അനുഭവപ്പെടാം. കൗമാരപ്രായത്തിൽ സമപ്രായക്കാരുടെ അംഗീകാരത്തിന് (Peer approval) പ്രത്യേക പ്രാധാന്യമുള്ളതിനാൽ ഈ സാമൂഹിക പ്രതികരണം (Social feedback) കൂടുതൽ ശക്തമായി അനുഭവപ്പെടാം.
2.
ഒറ്റപ്പെട്ടുപോകുമെന്ന ഭയം (Fear of Missing Out — FoMO): “എല്ലാവരും ഓൺലൈൻ (Online) ആണ്; ഞാൻ മാത്രം പുറത്താണ്” എന്ന തോന്നൽ വീണ്ടും വീണ്ടും ആപ്പ് (App) തുറക്കാൻ പ്രേരിപ്പിക്കാം. 2026-ലെ ദീർഘകാല പഠനത്തിൽ (Longitudinal
research) FoMO-യും ദോഷകരമായ സോഷ്യൽ മീഡിയ/സ്മാർട്ട്ഫോൺ
ഉപയോഗവും പരസ്പരം സ്വാധീനിക്കുന്ന ബന്ധം കണ്ടെത്തിയിട്ടുണ്ട്.
3.
അവസാനമില്ലാത്ത സ്ക്രോളിംഗും (Infinite scrolling) നിരന്തരമായ പുതുമയും (Constant novelty): ഉള്ളടക്കം (Content) അവസാനിക്കുന്നതിന്
വ്യക്തമായ ഒരു സ്റ്റോപ്പ് പോയിന്റ് (Stop point) ഇല്ലാത്തതും ഉപയോഗം നീളാൻ കാരണമാകാം.
ഓരോ സ്വൈപ്പിലും (Swipe) പുതിയ ഉള്ളടക്കം
ലഭിക്കുന്നത് ശ്രദ്ധയെ (Attention) നിലനിർത്തുന്നു.
4.
അറിയിപ്പുകൾ (Notifications): മെസ്സേജ്, ലൈക്ക്, കമന്റ്, മെൻഷൻ (Mention) തുടങ്ങിയ അറിയിപ്പുകൾ വീണ്ടും
ആപ്പിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഇത് ശീലങ്ങളുടെ ഒരു ചക്രം (Habit loop) ശക്തപ്പെടുത്താൻ സഹായിക്കും.
5.
വൈകാരികമായ ഒളിച്ചോട്ടം (Emotional escape): ഒറ്റപ്പെടൽ (Loneliness), വിരസത (Boredom), ഉത്കണ്ഠ (Anxiety), സങ്കടം (Sadness) തുടങ്ങിയ വികാരങ്ങളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ ചിലർ സോഷ്യൽ മീഡിയ
ഉപയോഗിക്കുന്നു. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രേരണ (Emotion-regulation
motive)യ്ക്ക് ദോഷകരമായ സോഷ്യൽ മീഡിയ
ഉപയോഗവുമായി (Problematic use) ബന്ധമുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുറഞ്ഞ ആത്മവിശ്വാസം (Low self-esteem), ഏകാന്തത (Loneliness), ഉത്കണ്ഠ (Anxiety), വിഷാദം (Depression), സാമൂഹിക ഭീതി (Social anxiety),
FoMO തുടങ്ങിയ ഘടകങ്ങളും അപകടസാധ്യതാ ഘടകങ്ങളായി (Risk factors) കണ്ടെത്തിയിട്ടുണ്ട്.
6.
ശീലങ്ങൾ രൂപപ്പെടൽ (Habit formation): ഉറങ്ങുന്നതിന് മുമ്പ് ഫോൺ നോക്കുക, ഭക്ഷണം
കഴിക്കുമ്പോൾ സ്ക്രോളിംഗ് ചെയ്യുക, പഠനത്തിനിടയിൽ
അറിയിപ്പുകൾ (Notifications) പരിശോധിക്കുക തുടങ്ങിയ
ആവർത്തിച്ചുള്ള ശൈലികൾ പിന്നീട് തനിയെ ഉണ്ടാകുന്ന ശീലങ്ങളായി (Automatic habits) മാറാം.
സോഷ്യൽ മീഡിയയും മാനസികാരോഗ്യവും: കാരണം
ഏത്, ഫലം ഏത്?
ദോഷകരമായ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം (Stress) എന്നിവയ്ക്കുമിടയിൽ പരസ്പര ബന്ധം (Association) കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ബന്ധം എല്ലായ്പ്പോഴും ഒരു ദിശയിൽ മാത്രം
പോകുന്നതല്ല. മാനസികമായി ബുദ്ധിമുട്ടുന്ന ഒരാൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം
ചെലവഴിക്കാനും സാധ്യതയുണ്ട്; അതുപോലെ ദോഷകരമായ
ഉപയോഗം ചില മാനസികാരോഗ്യ പ്രശ്നങ്ങളെ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗവും കൗമാരക്കാരിലെ ശ്രദ്ധക്കുറവും (Inattention), എടുത്തുചാട്ടസ്വഭാവവും
(Impulsivity) തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളും
കാണിക്കുന്നുണ്ട്.
എന്നാൽ ഈ പഠനങ്ങളിൽ ഭൂരിഭാഗവും ഒരു
പ്രത്യേക സമയത്തെ വിവരങ്ങൾ മാത്രം വെച്ച് നടത്തിയവയായതിനാൽ (Cross-sectional), ഏതാണ് മറ്റേതിന് കാരണമാകുന്നത് എന്ന് തീർത്തുപറയാൻ കഴിയില്ല
അതുകൊണ്ട് “സോഷ്യൽ മീഡിയയാണ്
യുവജനങ്ങളുടെ/ കൗമാരക്കാരിലെ മാനസികാരോഗ്യ തകർച്ചയ്ക്ക് കാരണം” എന്നതിന് പകരം, “ഡിജിറ്റൽ ഉപകരണങ്ങളുടെ ദോഷകരമായ ഉപയോഗം (Problematic use)
ഒരു പ്രധാന അപകടസാധ്യതാ ഘടകമായി (Risk factor) പരിഗണിക്കുകയും എന്നാൽ അതിന്റെ സ്വാധീനം വ്യക്തി, ഉള്ളടക്കം (Content), സാഹചര്യം (Context), പ്രേരണ (Motivation) എന്നിവയെ ആശ്രയിച്ചിരിക്കുന്നു”
എന്നതാണ് കൂടുതൽ ശാസ്ത്രീയമായ നിലപാട്.
യുവജന കുറ്റകൃത്യങ്ങൾ (Youth Crime): കണക്കുകൾ എന്താണ് പറയുന്നത്?
മാനസികാരോഗ്യ പ്രശ്നങ്ങളും
കുറ്റകൃത്യങ്ങളും ഒരേ കാര്യമല്ല. എന്നാൽ യുവജനങ്ങളിലെ/ കൗമാര പ്രായക്കാരിലെ അക്രമസ്വഭാവങ്ങളും (Violence), ലഹരി ഉപയോഗം (Substance use), എടുത്തുചാട്ടസ്വഭാവം (Impulsivity), സമപ്രായക്കാരുടെ
സ്വാധീനം (Peer influence), കുടുംബപ്രശ്നങ്ങൾ, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ (Socio-economic conditions) എന്നിവയും തമ്മിലുള്ള ബന്ധം
പഠിക്കേണ്ടത് പ്രധാനമാണ്.
ഇന്ത്യയിലെ ഏറ്റവും പുതിയ ലഭ്യമായ
എൻ.സി.ആർ.ബി (NCRB - Crime in India 2023) കണക്കനുസരിച്ച്
നിയമവുമായി ഒത്തുപോകാത്ത പ്രായപൂർത്തിയാകാത്തവർ (Juveniles in conflict with law) ഉൾപ്പെട്ട കേസുകൾ:
- 2022 — 30,555
- 2023 — 31,365
- വർദ്ധനവ് — 2.7%
- കുറ്റകൃത്യ നിരക്ക് (Crime rate) — ഒരു ലക്ഷത്തിന് 6.9 ൽ നിന്ന് 7.1 ആയി
2023-ൽ 40,036 പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തു (Juveniles apprehended); അവരിൽ ഏകദേശം 79% പേർ 16–18 വയസ്സിനിടയിലായിരുന്നു.ഈ കണക്കുകൾ ശ്രദ്ധേയമാണെങ്കിലും, അവയെ സൂക്ഷ്മമായി വിലയിരുത്തണം. “യുവജന കുറ്റകൃത്യങ്ങൾ എല്ലായിടത്തും കുത്തനെ
വർദ്ധിക്കുന്നു” എന്ന പൊതുവായ നിഗമനത്തിന് ഈ വിവരങ്ങൾ (Data) മാത്രം മതിയാകില്ല. രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ (Registered crime
statistics), റിപ്പോർട്ട് ചെയ്യുന്ന രീതികൾ (Reporting
practices), പോലീസ് രജിസ്ട്രേഷൻ (Police
registration), ജനസംഖ്യാ മാറ്റങ്ങൾ (Population
changes) തുടങ്ങിയ ഘടകങ്ങളും ഇതിനെ
സ്വാധീനിച്ചേക്കാം.
എങ്കിലും 16–18 വയസ്സിനിടയിലുള്ളവർ പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങളിൽ (Juvenile
offending) വലിയ പങ്ക് വഹിക്കുന്നു എന്നത് പ്രതിരോധ
പ്രവർത്തനങ്ങൾ (Prevention efforts) ഈ
പ്രായഘട്ടത്തെ പ്രത്യേകമായി ലക്ഷ്യമിടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങളുടെ പിന്നിലെ പ്രധാന
അപകടസാധ്യതാ ഘടകങ്ങൾ (Risk factors)
യുവജനങ്ങളുടെ/ കൗമാരക്കാരുടെ കുറ്റകൃത്യങ്ങളെ സോഷ്യൽ മീഡിയ , സിനിമകൾ എന്നിവയോട് മാത്രം ബന്ധിപ്പിക്കുന്നത് തെറ്റാണ്.
പ്രധാനപ്പെട്ട അപകടസാധ്യതാ ഘടകങ്ങളിൽ
ഉൾപ്പെടുന്നത്:
- കുടുംബത്തിലെ ഗുരുതരമായ സംഘർഷങ്ങൾ (Family
conflicts)
- പരിഹസിക്കൽ/ഉപദ്രവിക്കൽ (Bullying),
- കൂട്ടുകാർ ഒറ്റപ്പെടുത്തൽ (Peer
rejection)
- അക്രമാസക്തരായ കൂട്ടുകാർ (Aggressive
peer groups)
- ലഹരി ഉപയോഗം (Substance use)
- എടുത്തുചാട്ട സ്വഭാവം (Impulsivity) വികാരങ്ങളെ നിയന്ത്രിക്കാനുള്ള കുറഞ്ഞ കഴിവും (Poor
emotional regulation)
- സ്കൂളിൽ നിന്നുള്ള അകൽച്ച (School
disengagement)
- സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ (Social and
economic disadvantage)
- അക്രമങ്ങളുമായുള്ള നിരന്തരമായ സമ്പർക്കം (Exposure to
violence)
- മേൽനോട്ടത്തിന്റെ കുറവ് (Lack of
supervision)
- സാമൂഹിക തലത്തിലുള്ള അപകട ഘടകങ്ങൾ (Community-level
risk factors)
ഇവയിൽ പലതും ഒരുമിച്ച്
പ്രവർത്തിക്കുമ്പോഴാണ് അപകടസാധ്യത കൂടുതൽ ഉയരുന്നത്.
കൗമാര തലച്ചോറും സാഹസങ്ങൾ ഏറ്റെടുക്കലും
(Risk-taking)
കൗമാരപ്രായത്തിൽ, വിവേചനബുദ്ധിയും ആത്മനിയന്ത്രണവും കൈകാര്യം ചെയ്യുന്ന
പ്രീഫ്രോണ്ടൽ കോർട്ടെക്സ് (Prefrontal cortex), വികാരങ്ങളെ
നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റം (Limbic system) എന്നിവ
ഉൾപ്പെടുന്ന മസ്തിഷ്ക വ്യവസ്ഥകളുടെ വികാസം (Maturation) പൂർണ്ണമാകാത്ത
ഘട്ടമാണ്. വികാരങ്ങൾ ഉണർത്തുന്ന ലിംബിക് സിസ്റ്റം ഈ പ്രായത്തിൽ അതിവേഗം
പ്രവർത്തിക്കുമ്പോൾ, അതിനെ നിയന്ത്രിക്കേണ്ട പ്രീഫ്രോണ്ടൽ
കോർട്ടെക്സ് വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഈ അസന്തുലിതാവസ്ഥ കാരണമാണ്,
ജനപ്രീതി (Popularity), സമപ്രായക്കാരുടെ
അംഗീകാരം (Peer approval) എന്നിവയ്ക്കായി ചില കൗമാരക്കാർ ദൂരവ്യാപകമായ
പ്രത്യാഘാതങ്ങൾ ആലോചിക്കാതെ അപകടസാധ്യതയുള്ള സാഹസങ്ങൾ ഏറ്റെടുക്കാൻ (Take risks) മുതിരുന്നത്."
എന്നാൽ ഇതിനെ “കൗമാരക്കാർക്ക് ശരിയും
തെറ്റും മനസ്സിലാകില്ല” എന്ന് വ്യാഖ്യാനിക്കരുത്. കൗമാരക്കാരെ
നിയന്ത്രിക്കേണ്ടവരായി മാത്രമല്ല, ശരിയായ തീരുമാനങ്ങൾ
എടുക്കാൻ പരിശീലിപ്പിക്കേണ്ടവരായി കാണുകയാണ് വേണ്ടത്.
നാം എന്താണ് ചെയ്യേണ്ടത്?
കുടുംബത്തിൽ:
കുട്ടികളുമായി സംസാരിക്കുക;
ഉപദേശിക്കുന്നതിനേക്കാൾ കേൾക്കുക.
അവരുടെ ഓൺലൈൻ അനുഭവങ്ങൾ (Online
experiences), സൗഹൃദങ്ങൾ, ഭയങ്ങൾ, പരാജയങ്ങൾ എന്നിവയെക്കുറിച്ച്
സംസാരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം നൽകുക.
ഡിജിറ്റൽ ജീവിതത്തിൽ:
ഫോൺ ഉപയോഗത്തിന്റെ സമയം മാത്രമല്ല, ഉപയോഗത്തിന്റെ സ്വഭാവവും ശ്രദ്ധിക്കുക. ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? പഠനത്തെ ബാധിക്കുന്നുണ്ടോ? കുടുംബബന്ധങ്ങൾ
കുറയുന്നുണ്ടോ? ഫോൺ മാറ്റിവയ്ക്കാൻ കഴിയുന്നില്ലേ? ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ലേ? ഇത്തരം
ലക്ഷണങ്ങളാണ് (Signs) ശ്രദ്ധിക്കേണ്ടത്.
സ്കൂളിൽ:
വൈകാരിക നിയന്ത്രണം (Emotional
regulation),
സഹാനുഭൂതി (Empathy),
ആശയവിനിമയം (Communication),
സംഘർഷ പരിഹാരം (Conflict
resolution),
വിമർശനാത്മക ചിന്ത (Critical
thinking),
ഡിജിറ്റൽ സാക്ഷരത (Digital literacy)
തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ (Life skills) വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.
സമൂഹത്തിൽ:
കായികം (Sports), കലകൾ (Arts), സന്നദ്ധപ്രവർത്തനം (Volunteering), ക്ലബ്ബുകൾ (Clubs), യുവജന പരിപാടികൾ (Youth programmes) തുടങ്ങിയ അർത്ഥവത്തായ ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്ക് (Meaningful offline
activities) കൂടുതൽ അവസരങ്ങൾ നൽകണം.
മാനസികാരോഗ്യ പിന്തുണ: ദീർഘകാലത്തെ സങ്കടം, കടുത്ത ദേഷ്യം, സമൂഹത്തിൽ നിന്നുള്ള ഉൾവലിയൽ (Social withdrawal), പഠനത്തിൽ വലിയ ഇടിവ്, ലഹരി ഉപയോഗം, സ്വയം ഉപദ്രവിക്കാനുള്ള ചിന്തകൾ (Self-harm thoughts), അപകടകരമായ പെരുമാറ്റം തുടങ്ങിയവ ഉണ്ടെങ്കിൽ പ്രൊഫഷണൽ മാനസികാരോഗ്യ പിന്തുണ (Professional
mental-health support) നൽകണം.
ഭയപ്പെടുത്തലല്ല, തെളിവാണ് വേണ്ടത്
യുവജനങ്ങളുടെ /കൗമാരക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചും
കുറ്റകൃത്യങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ രണ്ട് പ്രയോഗങ്ങൾ ഒഴിവാക്കണം.
ഒന്ന്: “ഇന്നത്തെ തലമുറ മുഴുവൻ
നശിച്ചുകൊണ്ടിരിക്കുകയാണ്.”
മറ്റൊന്ന്: “ഒന്നും പ്രശ്നമില്ല; എല്ലാം സാധാരണമാണ്.”
ഇവ രണ്ടും ശാസ്ത്രീയമായി സഹായകരമല്ല.
2026-ലെ ഗ്ലോബൽ മൈൻഡ് ഹെൽത്ത് വിവരങ്ങൾ (Global Mind Health
data) യുവജനങ്ങളുടെ ക്ഷേമം സംബന്ധിച്ച് ഗൗരവമുള്ള
മുന്നറിയിപ്പ് നൽകുന്നു. അതോടൊപ്പം ഇന്ത്യയിലെ എൻ.സി.ആർ.ബി വിവരങ്ങളും (NCRB data) പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങളിൽ 2022-23 കാലയളവിൽ ചെറിയ വർദ്ധനവ് കാണിക്കുന്നു. ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്
കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ
കണ്ടെത്തുന്നതോടൊപ്പം അപകടസാധ്യതാ ഘടകങ്ങൾ
(Risk
factors) തിരിച്ചറിയുകയും സംരക്ഷണ ഘടകങ്ങൾ (Protective
factors) ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്
പ്രാധാനം .
- കുട്ടികൾക്ക് സുരക്ഷിതമായ കുടുംബബന്ധങ്ങൾ നൽകുക.
- അവരെ വികാരങ്ങളെ നിയന്ത്രിക്കാൻ (Emotion
regulation) പഠിപ്പിക്കുക.
- ഡിജിറ്റൽ സാക്ഷരത (Digital literacy) വളർത്തുക.
- സോഷ്യൽ മീഡിയ ഉപയോഗം ആരോഗ്യകരമായ പരിധിയിൽ
നിലനിർത്തുക.
- സമപ്രായക്കാരുടെ സമ്മർദ്ദം (Peer
pressure) നേരിടാനുള്ള കഴിവ് നൽകുക.
- കായികം, കലകൾ, സൗഹൃദങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയ്ക്ക് അവസരം നൽകുക.
- പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് സഹായം നൽകുക.
കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിലൂടെ അവരുടെ ഭാവിമാത്രമല്ല — രാജ്യത്തിന്റെ ഭാവിയെയാണ് സംരക്ഷിക്കുന്നത് .
പ്രധാന സ്രോതസ്സുകൾ
- Sapien Labs —
Global Mind Health in 2025, February 26, 2026. Global Mind
Health in 2025 Report
- Sapien Labs —
The Youth Mind: Rising Aggression and Anger. Youth Mind
Report
- National
Crime Records Bureau — Crime in India 2023. Crime in
India 2023 data
- WHO — Mental
Health of Adolescents. WHO
- NIMH — The
Teen Brain: 7 Things to Know. NIMH
- CDC — Youth
Violence: Risk and Protective Factors. CDC
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ